Sunday, November 24, 2013

പ്രകൃതിയോടുള്ള പ്രാകൃതം

മനുഷ്യ കുലത്തിന്റെ തുടക്കം പ്രാകൃത യുഗം എന്ന് പറയുന്നെങ്കിലും പ്രാകൃത യുഗ മനുഷ്യൻ പ്രകൃതിയെ വണങ്ങുന്നവരും പ്രകൃതിയോടു ഇണങ്ങി ജീവിച്ചവരും ആയിരുന്നു അതിനു അവരെ പ്രാപ്തി ആക്കിയത്. രാഷ്ടീയക്കാരുടെ ബലാബലം നോക്കാൻ അന്ന്‌ ആളില്ലായിരുന്നു.മനുഷ്യൻ അവന്റെ സ്വഭാവം പ്രകടമാക്കാൻ തുടങ്ങിയതോടെ അവനെ മെരുക്കാൻ ഗുണ്ടകൾ ജന്മമെടുത്തു.ഗുണ്ടകൾ മെരുക്കിയ ജനങ്ങൾ ഗുണ്ടകളുടെ അടിമകളായി.അടിമകൾ ആരാധിച്ച ഗുണ്ടകൾ അവരുടെ മേധാവിയായി.ആ മേധാവിത്വം പിന്നെ രാജാവായി പരിണമിച്ചു.ആധുനിക കാല ഘട്ടത്തിൽ രാജാവ് രാഷ്ടീയക്കാരായി .രാഷ്ടീയം കക്ഷി രാഷ്ടീയമായി പരിണമിച്ചു.
അതിനു മുൻപ് മനുഷ്യനെ മനുഷ്യൻ ആക്കാൻ എന്ന വ്യാജേന ജന്മമെടുത്ത മതങ്ങൾ മനുഷ്യനെ മെതിച്ചതും മൻഷ്യൻ രാഷ്ടീയത്തിന്റെ പിടിയിൽ അമരുന്നതിനു മുൻപേ മതത്തിനു അടിമ ആയതും അത് ഭൂഖണ്ഡ വേർ തിരിവിന് കാരണമായതും ആ അടി പിടി തുടർന്നു കൊണ്ടിരിക്കെ രാഷ്ടീയക്കാർ മതങ്ങളുടെ അടിമകളായി .അതിനു ഉദാഹരണം ചൂണ്ടിക്കാണിക്കാൻ ലോകത്തിൽ ഈ കേരളമല്ലാതെ വേറൊരു സ്ഥലമില്ല .

                                                     മനുഷ്യനെ വോട്ടിന്റെ രൂപത്തിൽ മാത്രം കണ്ട് തുടങ്ങിയ രാഷ്ടീയക്കാർ അവരെ മേരുക്കുന്നത് കണ്ടറിഞ്ഞ മതക്കാർ മനുഷ്യനെ വലിച്ചു മുറുക്കി ജീവൻ എടുക്കുമെന്ന പരുവത്തിൽ ആക്കി.പക്ഷെ കഴുത ബുദ്ദിക്കു കീഴടങ്ങിയ മനുഷ്യന് ഇതൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല .ആയിടക്കാണ്‌ കേരത്തിന്റെ കിഴക്കൻ മലനിരകൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ സംരക്ഷിക്കണം എന്ന ലക്ഷ്യം ഏതോ പരാജിതന് ഉണ്ടായി.അവൻ ഇപ്പോൾ നമ്മുടെ ഭൂമിയെ ഇപ്പോൾ രക്ഷിക്കാം എന്നാ അർഥത്തിൽ പാവം ഗാഡ്ഗിൽ കമ്മിറ്റി നിലവില വന്നത്.അദ്ദേഹം വന്നു സംസാരിച്ചു.നിരവധി യോഗങ്ങൾ നടന്നു .റിപ്പോർട്ടും തയ്യാറായി.ഗവർമെന്റ് വിന്ജാപനമിറക്കി  ഉടൻ വന്നു എതിർപ്പ്.അങ്ങനെ കസ്തൂരി രംഗൻ വന്നു.അദ്ദേഹവും എഴുതി വനവും മലയും സംരക്ഷിക്കണം.എന്ന് വെച്ചാൽ മനുഷ്യനെ സംരക്ഷിക്കണം എന്ന് അര്ഥം .പക്ഷെ നമ്മൾ കഴുത ബുദ്ദിക്കാർക്ക് അത് ഒട്ടും ഇഷ്ടപെട്ടില്ല.സമരം തന്നെ സമരം ......

                                                             കാറ്റും മഴയും ,ചൂടും വെളിച്ചവും എതെഷ്ടം അനുഭവിക്കാൻ കഴിഞ്ഞ മനുഷ്യ വാസികൾ മലയാളികളാണ് .അതിന്റെ പോരായ്മ നമ്മൾ മലയാളികളിൽ കാണാൻ കഴിയും .പ്രകൃതി കനിഞ്ഞു നല്കിയ ഈ അത്ഭുതത്തെ വെറും തമാശയായി മാത്രം ആസ്വദിക്കാനും അത് കഴിഞ്ഞാൽ വലിച്ചെറിയാനും കാട്ടുന്ന ഈ ഉത്സാഹം നമ്മുടെ പുതു യുഗ ജന്മങ്ങൾ കൊണ്ടാടുന്നത് തിരിച്ചു അറിയുക.വൃദ്ധ സദനങ്ങൾ പെരുകുന്നത് കണ്ടില്ലെന്നു നടിക്കരുത്.വയൽ ,കുന്നു .തോടു .ജലം ഇലകൾ .ഇതളുകൾ ഇങ്ങനെയുള്ള പദങ്ങൾ വെറും പദങ്ങൾ അല്ലെന്നും അത് നമ്മുടെ ജീവനാഡി ആണെന്നും മനസ്സിലാക്കാനുള്ള വിവേക ബുദ്ദി ആണ് മലയാളികൾക്ക് വേണ്ടത് .രാഷ്ടീയ,മത നേതാക്കളുടെ താത്പര്യം മാത്രം നോക്കി തീരുമാനങ്ങൾ എടുക്കരുത്.സ്വന്തം വിവേക ബുദ്ദി പ്രയോഗിക്കാൻ സമയമായി.
                                                         
                                                               ഗാഡ്കിലോ ,കസ്തൂരി രംഗനോ ആരോ വരട്ടെ .നമ്മുടെ പ്രകൃതി സംരക്ഷിക്കണം .സാധാരണ കർഷകന്റെ ജീവിതം ചൂണ്ടിക്കാട്ടി നമ്മുടെ മല നിരകളെ ഇടിച്ചു നിരത്താൻ വരുന്നവരെ പ്രോത്സാഹിപ്പിച്ചാൽ അതിന്റെ പരിണിത ഭലം വളരെ വലുതാണ്‌.കർഷകർ ആദ്യം ഒരുമിക്കണം .ഇവിടെ ഒരു മല ഇടിക്കാൻ അനുവദിക്കില്ല എന്ന് പ്രതിജ്ഞ എടുക്കണം .ഇതിനു ഒരു മത നേതാവിന്റെയും ,രാഷ്ടീയക്കാരന്റെയും ശുപാർശ വേണ്ട.ബദരീനാദും .കേദാർ നാഥും പ്രളയത്തിൽ ഒലിച്ചിറങ്ങിയ പ്രകൃതി താണ്ടവം കണ്ടില്ല എന്ന് ധരിക്കരുത്.

                                                     കോട മഞ്ഞും .മല നിരകളും ആസ്വദിക്കാൻ വരുന്നവരുടെ കീശ മാത്രം നോക്കി ആകരുത് വികസനം .പ്രകൃതിയെ നശിപ്പിക്കാതെ ഉള്ള വികസനത്തിന് ആകട്ടെ നമ്മുടെ അടുത്ത പ്രയത്നം .

Sunday, June 30, 2013

വെറുക്കപ്പെടുന്ന ടെലിവിഷൻ

   നമ്മുടെ മുന്നിലെ ഏക നേരം പോക്കൽ ടെലിവിഷന് മുന്നിൽ ഇരിക്കുക എന്നതാണ്.  
എന്നാൽ അതും അരോചകം ആയി മാറുന്നു.കുറച്ചുപേർ ടി വിക്ക് മുൻപിൽ അടയിരിക്കുമ്പോൾ ,കുറച്ചുപേർ അതിൽ നിന്നും ഓടി ഒളിക്കാനുള്ള മാർഗ്ഗം അന്വേഷിക്കുന്നു.എന്തുകൊണ്ട് ഇത് സംഭവിക്കുന്നു.അതിനു കാരണക്കാർ ആര്?.ഈ ചോദ്യം സ്വയം ചോദിച്ച് ഉത്തരം എഴുതാം എന്ന് വിചാരിക്കുമ്പോൾ മനസ്സിൽ ഓടി വന്നത് സ്വന്തം മുഖം തന്നെയാണ്.ടെലിവിഷൻ പരിപാടികളിലെ അപചയത്തിനു കാരണക്കാർ നമ്മൾ തന്നെയാണെന്ന സ്വയം വിമർശനം ശരണം .

                                                  ഒരു കാല ഘട്ടത്തിൽ മലയാള സിനിമ അതിന്റെ ഭംഗിയും ,അഭംഗിയും പേറി നമ്മെ ആഹ്ലാദിപ്പിച്ചിരുന്നു.കാലാന്തരത്തിൽ അതിന്റെ രൂപം നടനോ ,നടിയോ ,നിർമ്മിതാവോ ആഗ്രഹിക്കുന്ന തരത്തിൽ ആകുകയും ഇതാണ് ജനത്തിനു വേണ്ടതെന്ന് അവർ തീരുമാനിക്കുകയും ചെയ്തു.അതോടെ മലയാള സിനിമ കാലിടറി വീഴാൻ തുടങ്ങി.ഒരു പത്മരാജനും ,ഭരതനും ,അരവിന്ദനും വിസ്മൃതിയിൽ ആയതുപോലെ .വീണ്ടും ചില പുത്തൻ ചുവടുകളുമായി ചിലർ മലയാള സിനിമയെ മുന്നോട്ടു നയിക്കവെ ,അതാ വരുന്നു ന്യു ജനറേഷൻ അതും റേഷൻ അരിപൊലെ ആയ അവസ്ഥ.ഇതേ അവസ്ഥയിലാണ് ഇന്നത്തെ ടെലിവിഷൻ രംഗവും.
ആർക്കും എന്തും ആകാമെന്ന അവസ്ഥ.ഒരേ കഥകൾ തിരിച്ചും മറിച്ചും സീരിയൽ ആയി വരുന്നു.ആണിനെ സാരി ഉടുപ്പിച്ചും ,പെണ്ണിനെ തുണി ഉരിച്ചും വിലസുന്ന സുന്ദര സുന്ദരി മലയാള വീടുകൾ.എം കെ കുമാരനെ പ്പോലെ ഉജ്ജ്വലമായ ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ച നാട്ടിൽ നിന്നാണ് ഈ അവിഹിതം.

                                                    മഴക്കാലം കഴിഞ്ഞാൽ കൂണ്‍ നിറയുന്നത് പോലെയാണ് ഇന്നത്തെ  
ചാനലുകളുടെ ജനനം.അതിനു അനുസരിച്ചുള്ള വിഡ്ഢിത്തവും അവർ കാട്ടി തുടങ്ങിയിരിക്കുന്നു.എന്റെ 
ഓർമ്മയിൽ ടെലിവിഷനെ വിഡ്ഢി പെട്ടി എന്ന് ഇടയ്ക്കിടെ ഓർമ്മപ്പെടുത്തിയത്യശശ:ശരീരനായ 
എം കൃഷ്ണൻ നായരാണ് .അദ്ദേഹം ഇന്ന് ഇല്ലാത്തത് അദ്ദേഹത്തിന്റെ പുണ്യം .ഒരു ഗൃഹ പാഠവും ചെയ്യാതെ പരിപാടി അവതരിപ്പിക്കാൻ ഇറങ്ങുന്ന അവതാരകർ.സിനിമാ നടികളും .നടന്മാരും ഇല്ലെങ്കിൽ  ഈ അവതാരകർ എന്ത് ചെയ്യുമായിരുന്നു.എന്തിനും ഏതിനും ആശ്രയിക്കുന്നത് നടികളെ അല്ലെങ്കിൽ നടന്മാരെ.സുനാമി തകർത്ത ദിവസങ്ങളിലും അഭിപ്രായം തേടി സിനിമാക്കാരുടെ പിറകെ നടന്ന ന്യൂസ് വിദഗ്ദ്ധന്മാരും വിരളമല്ല 

             
                                                     ചാനലുകളുടെ പ്രളയത്തിലും അല്പം ആശ്വാസം വാർത്താ ചാനലുകൾ  ആയിരുന്നു.എന്നാൽ മത്സരം മൂത്തതോടെ വാർത്ത‍ പിന്നിൽ ആകുകയും പരദൂഷണം മുന്നിൽ എത്തുകയും ചെയ്തു.സീരിയലുകാരുടെ പണി ഇപ്പോൾ വാർത്താ ചാനലുകൾ വീതം വെയ്ക്കുന്നു .വിദ്യാർത്ഥികൾക്ക് ചൂണ്ടി കാണിച്ചു കൊടുക്കാൻ പറ്റിയ ഒരു ചാനലും ഇല്ല.പുറം മേനിയുടെ കൊഴുപ്പിൽ ആശ്വാസം കൊള്ളാതെ മുന്നോട്ട് നയിക്കാൻ കഴിവുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയുന്ന പരിപാടികൾ ഉൾ കൊള്ളിച്ചു നമ്മുടെ പുതിയ 
തലമുറയ്ക്ക് വഴികാട്ടി ആകാൻ നമ്മുടെ ചാനലുകൾക്ക് കഴിയട്ടെ.
          
                                       

Tuesday, February 26, 2013

നീതിയുടെ സംസ്കാരം


 രാജ്യ വ്യവസ്ഥയില്‍ പൌരന്മാര്‍ക്ക് കൊടുക്കാന്‍ കഴിയുന്ന സ്വതന്ത്ര അവകാശമാണ് നീതി.അത് കൊടുക്കാന്‍ ഭരണകൂടം രൂപ പെടുത്തിയ മാതൃകയാണ് കോടതികള്‍ .കോടതിയില്‍ തീര്‍പ്പ്‌ കല്പിക്കാന്‍ ഇരിക്കുന്നവരെ നമ്മള്‍ ന്യായാധിപര്‍  എന്ന് വിളിക്കും. ഇന്ന് ഇന്ത്യയില്‍ നില നില്‍ക്കുന്ന നിയമം അനുസരിച്ച് ന്യായാധിപ  സ്ഥാനത്ത് വരുന്നവര്‍ നിയമ കലാലയത്തില്‍ നിന്നും ബിരുദം എടുത്ത് വക്കീല്‍ ആയി പരിശീലനം നടത്തി മൂത്തതിനു ശേഷം കിട്ടുന്ന വേഷമാണ് ന്യായാധിപ  വേഷം.ആ പധവി ലഭിച്ചതിനു ശേഷം അവരെ നമുക്ക് വിലയിരുത്താന്‍ കഴിയുന്നത്‌ ഓരോ വ്യവഹാരത്തിനും അവര്‍ കൊടുക്കുന്ന വിധിയിലെ നീതി എത്ര മാത്രം സത്യ സന്ധം എന്നതിനെ ആശ്രയിച്ചിരിക്കും.അങ്ങനെ ജനത്തെ ആഘര്‍ഷിച്ച നിരവധി ന്യായാധിപര്‍  നമുക്ക് ഇടയില്‍ ഉണ്ട് .അതിനു അപവാദമായി മാറുന്ന ന്യായാധിപരും  വിരളമല്ല.അങ്ങനെ നീതിക്ക് നിരക്കാത്ത ന്യായ വിധി പുറപ്പെടുവിക്കുന്ന ന്യായാധിപരെ  എങ്ങനെ കൈകാര്യം ചെയ്യും .ഈ അടുത്ത കാലത്ത് ഒരു നേതാവ് പെണ്‍  കുട്ടികളെ അതും ചുണ കുട്ടികളായ പെണ്‍  കുട്ടികള്‍ ഒരു മുന്‍ ന്യായാധിപന്റെ മുഖത്ത് അടിക്കണം എന്നാണു ആഹ്വാനം ചെയ്തത് .അത് രാജ്യത്തിന്റെ നിയമം കയ്യെടുക്കല്‍ ആയതു കൊണ്ട് അത് മറക്കുന്നു.പക്ഷെ ഇങ്ങനെ ഒരു ന്യായാധിപന്‍  ആണ് നമുക്ക് മുന്‍പില്‍ എത്തുന്നത് എങ്കില്‍ അവരെ എങ്ങനെ നിയമപരമായി നേരിടാന്‍ കഴിയും .അതിനു വല്ല വഴിയും നമ്മുടെ മുന്നില്‍ ഉണ്ടോ?എല്ലാ മനുഷ്യരും ഏതെങ്കിലും ആദര്‍ശത്തില്‍ വിശ്വസിക്കുകയും അതിനു പറ്റിയ പാര്‍ട്ടിയുടെ പിറകെ പോകുന്നതും ആണ് കണ്ടു വരുന്നത്.അതോടൊപ്പം ആ പാര്‍ട്ടിയിലെ നേതാവ് എന്ത് തെറ്റ് ചെയ്താലും ന്യായികരണവുമായി ഇറങ്ങുന്നത് അണികളാണ്.എന്നത് പോലെ ന്യായാധിപന്‍ എന്ത് അന്യായം വിധിച്ചാലും ഭരണ കൂടം അതിന്റെ സംരക്ഷണത്തിനു ഉണ്ടാകും .അത് മാറണ്ടേ ....

                                                                      മേല്‍ പറഞ്ഞ കാര്യങ്ങളുടെ  സംവേദനമാണ് ഇനി.അതായത് നീതിയുടെ സംസ്കാരം എന്നത് മനുഷ്യനിലെ നന്മയുടെ സംസ്കാരം ആണ്.അത് ലഭിക്കാന്‍ കേവലം വിദ്യാ സമ്പന്നത  പോര .മനുഷ്യനെ തിരിച്ചറിയാനുള്ള സാമൂഹിക പത്ചാത്തലവും  വേണം .അത്തരം വ്യക്തികള്‍ക്കെ ന്യായാധിപ  പീഠത്തില്‍ ഇരുന്നു ന്യായം കല്പിക്കാന്‍ ആകു.നിര്‍ഭാഗ്യവശാല്‍ നമ്മുടെ ന്യായാധിപ  സമൂഹത്തില്‍ അത്തരം വ്യക്തികള്‍ കുറവാണ്.അതിനു ഉദാഹരണം ചൂണ്ടിക്കാണിക്കാന്‍ കഴിയുമെങ്കിലും ആരുടേയും പേര് പരാമര്‍ശിക്കുന്നില്ല .വ്യക്തികള്‍ ന്യായാധിപര്‍  ആകുമ്പോള്‍ അവരുടെ കുറവുകള്‍ നീതിയില്‍ പ്രതിഭലിക്കുന്നതു കാണുമ്പോള്‍ മിണ്ടാതിരിക്കാന്‍ കഴിയുന്നില്ല .
                                              മനുഷ്യ സംസ്കാരം അത് വിവക്ഷിക്കുന്നത് അവന്റെ പ്രവര്‍ത്തിയില്‍ ആണ്.അതും നീതി പീഠത്തില്‍ ഇരിക്കുന്നവരുടെ ആകുമ്പോള്‍ വിശ്വാസ്യത അനിവാരമാണ്.അതും നഷ്ടപ്പെട്ടാല്‍ ഈ ലോകം എവിടെ ചെന്നെത്തും എന്ന് പറയാന്‍ കഴിയില്ല.













Tuesday, February 12, 2013

തുമ്പയും ചിത്രശലഭവും


മലയാളിയുടെ കാല്‍പനിക ജനിതകത്തില്‍ ഇഴുകി ചേര്‍ന്ന രണ്ടു പദങ്ങള്‍ .തുമ്പയും ചിത്രശലഭവും .പുതിയ കാല ഘട്ടത്തില്‍ ആരുടെ മനസ്സിലാണ് ഇവയുടെ രൂപ ഭംഗി കടന്നു വരുന്നത്.ഒരു മുപ്പതുകാരന്റെ മനസ്സില്‍ മാത്രം തങ്ങി നില്‍ക്കുന്ന ഗൃഹാതുര ഓര്‍മ്മ .കാലം മാറുന്നു നാട് മാറുന്നു നാട്ടിലെ പച്ചപ്പും അകലുന്നു.ആര്‍ക്കും വേവലാതി ഇല്ല .നമ്മുടെ വേവലാതി ഷെയര്‍ മാര്‍ക്കറ്റിലെ ഉയര്‍ച്ച താഴ്ച മാത്രം.മലയാളിയുടെ തനിമ മാറുന്നു എന്ന് മാത്രം പറഞ്ഞ് അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല ഇതൊക്കെ.മനസ്സില്‍ തങ്ങുന്ന ചില ചിത്രങ്ങള്‍ അത് പ്രകൃതിയില്‍ നിന്നാകാം പാഠങ്ങളില്‍ നിന്നാവാം പക്ഷെ അനുഭവ ജ്ഞാനത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നമ്മെ പിന്തുടരും അതിനുള്ള അവസരം പുതിയ തലമുറയ്ക്ക് നഷ്ടപെടുന്നു എന്നതാണ് മലയാള തനിമയുടെ അസാന്നിധ്യം വ്യക്തമാക്കുന്നത്.വയലും വരമ്പും അറിയാത്ത മലയാളി തോടും കുളവും കാണാത്ത മലയാളി ഇങ്ങനെ മനസ്സ് ദരിദ്രമായി കൊണ്ടിരിക്കുന്ന ഒരു തലമുറയുടെ ഭാഗമായി നിന്ന് കൊണ്ട് ഞാന്‍ എന്റെ വേദനയുടെ ഉള്ളിറക്കുന്നു .                                                                                                                     

നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന നാട്ടു മാവില്‍ പടര്‍ന്നു കയറുന്ന ഇത്തിള്‍ കണ്ണികള്‍ , ഒരു കാലത്ത് മനുഷ്യനില്‍ മത്ത് പിടിപ്പിക്കുന്ന തേന്‍ തരുമായിരുന്നു. തേന്‍ നുകര്‍ന്ന് ഇത്തിളിനെ വെട്ടി കളയാനും ആരും മറന്നില്ല.കാരണം  ഇത്തിള്‍ വിതയ്ക്കുന്ന രോഗം എന്തെന്ന് ബോധ്യം ഉണ്ടായിരുന്ന ഒരു ജനത നമുക്ക് ഉണ്ടായിരുന്നു.എന്നാല്‍ ഇന്ന് ഇത്തിള്‍കണ്ണി ആയാല്‍ പോലും അല്പം തേന്‍ നുകരാം അല്ലോ എന്നാണു എല്ലാവരുടെയും ചിന്ത.?കൗതുക ചിന്തയ്ക്ക് പോലും ചിരി പകര്‍ത്താന്‍ കഴിയാത്ത രോഗതുര ജനം.നമ്മള്‍ ആ നിരയിലെ അംഗങ്ങള്‍ .നമുക്ക് മുങ്ങാന്‍  ഇനി ജലാശയങ്ങള്‍ ഇല്ല വെറും ചെളി  കുണ്ടുകള്‍ മാത്രം .അതിലും മാലിന്യത്തിന്റെ ചവറു കൂനയുടെ ആദിയ്ക്യം.നല്ല വായു പോലും ആഗ്രഹിക്കണ്ട .അതിനും വരാം റേഷന്‍ ചന്തകള്‍ .........

തുമ്പപ്പൂ ഒരു ഓണ കാല വിരുന്നാണ് .ചിത്ര ശലഭം നല്ല പ്രകൃതിയുടെ വിരുന്നാളിയും.ഇത് രണ്ടും നഷ്ടപ്പെട്ട നമ്മള്‍ നഷ്ടപ്പെടാന്‍ ഇരിക്കുന്ന മറ്റിനം കായ്‌ കനികളുടെ വിവര പട്ടിക തയ്യാറാക്കാന്‍ സമയമായി .വേനല്‍ കാലം മഴയായി മഴക്കാലം വേനലായി .കുന്നുക്കള്‍ നിരപ്പാക്കി സൗധം പണിയുമ്പോള്‍ വയല്‍ നികത്തി വിമാന താവളങ്ങള്‍ പണിയുന്നു.നമുക്ക് നാട് വിടാന്‍ സമയമായെന്ന ഉള്‍വിളി.ഒരു ഉരുള്‍ പൊട്ടലില്‍ മാത്രം തീരാവുന്ന ഒരു പ്രദേശമായി മാത്രം നമുക്ക് നമ്മുടെ നാട്  മാറ്റാന്‍ കഴിഞ്ഞെങ്കില്‍ മണലാരണ്യം വസന്ത ഭൂമിയാക്കാന്‍ പ്രയത്നിക്കുന്നതും നമ്മള്‍ തന്നെ എന്ന വിരോധാഭാസവും വിസ്മരിക്കാന്‍ വയ്യ ....?

Monday, January 28, 2013

മനസ്സിന്‍റെ വ്യഞ്ജനം

മനസ്സിന്‍റെ സഞ്ചാര പഥത്തില്‍ നമ്മള്‍ അറിയാതെ കടന്നു വരുന്ന ചേരുവകള്‍ ചിലപ്പോള്‍ അതി കഠിനമായ ദു;ഖത്തിനൊ സന്തോഷത്തിനോ കാരണമാകാം അത് തിരിച്ചറിയുക എന്നതാണ് മാനസ്സിക ആരോഗ്യം നില നിര്‍ത്തുന്നതില്‍ പ്രധാനം. നമ്മള്‍ എല്ലാവരും ഡോക്ടറെ കാണുന്നത് ശാരീരിക അസ്വസ്ഥതയോ ശരീരിക വേദന നിമിത്തമോ ആകാം. നമ്മുടെ ഡോക്ടര്‍മാര്‍ രോഗിയോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയാന്‍ മിനക്കെടാറില്ല .രോഗിയുടെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കാതെ വല്ല വേദന സംഹാരിയോ മറ്റോ കൊടുത്തു ഒഴിവാക്കുകയും രോഗി തന്‍റെ രോഗം തിരിച്ചറിയാതെ മറ്റു പല അസുഖങ്ങള്‍ വരുത്തി വെയ്ക്കുന്ന സംഭവങ്ങളും വിരളമല്ല. ഇത്തരം അവസ്ഥയിലാണ് മാനസിക രോഗത്തിന്‍റെ ലക്ഷണങ്ങള്‍ ഇല്ലാതെ തന്നെ വിഷാദ രോഗിയായോ നിത്യ രോഗിയായി തീരാനോ ഉള്ള സാധ്യത വര്‍ധിക്കുന്നത്. ഇത്തരം അവസ്ഥയിലേക്ക് എത്താതിരിക്കാനുള്ള എളുപ്പ മാര്‍ഗ്ഗം സ്വന്തം മനസ്സ് തിരിച്ചറിയുക എന്നതാണ്. പ്രവാസ ലോകത്ത് ഇന്ന് കാണുന്ന ഒട്ടുമിക്ക അസുഖത്തിന്‍റെ പിന്നാമ്പുറം മാനസിക പിരിമുറുക്കം തന്നെയാണ്. ഇന്ന് പഴയെ കാലത്തേക്കാള്‍ സ്വന്തം ആരോഗ്യത്തെ കുറിച്ച് ബോധമുള്ളവരാണ്. അത് കൊണ്ട് തന്നെ ദിവസ വ്യയാമത്തില്‍ ഏര്‍പ്പെടാറുണ്ട്. എന്നാല്‍ അത് ശാരീരിക ആരോഗ്യത്തില്‍ മാത്രമേ ശ്രദ്ദ വരുന്നുള്ളു .ആ വ്യായാമം മനസ്സിനും കൂടി നല്‍കുകയാണെങ്കില്‍ എത്ര നന്നാകുമായിരുന്നു.

 നമ്മള്‍ എത്രപേര്‍ക്ക് ചിരിക്കാന്‍ അറിയാം എന്നതാണ് ഇതില്‍ പ്രധാനം. ചിരിക്കു പുറമേ എത്രപേര്‍ ആകാശം നോക്കാറുണ്ട്.ചിരി മനസ്സ് ഉല്ലസ്സിക്കാനും ആകാശം മനസ്സിനെ വിദൂര കാഴ്ചയിലേക്ക് നയിക്കാന്‍ ഉള്ളതുമാണ്. ടി വി ക്ക് മുന്‍പിലോ കംബൂട്ടറിന്റെ മുന്നിലോ ചടഞ്ഞിരിക്കുന്നവര്‍ സ്വന്തം മാനസിക പിരിമുറുക്കം തിരിച്ചറിയാന്‍ വൈകും. അതിലൂടെ സംഭവിക്കുന്ന മാനസിക ആഘാതം പല വിധ പ്രശനങ്ങള്‍ക്കും ഇടവരുത്തും. മനസ്സ് തുറന്നു സംസാരിക്കാനും സ്വന്തം ഇഷ്ടാനുഷ്ടനങ്ങളെ കുറിച്ച് വിവരിക്കാനും , പുറത്തിറങ്ങാനും പാര്‍ക്കിലോ മറ്റോ കുറച്ചു നേരം ചിലവഴിക്കാനും സമയം കണ്ടെത്തുക. കായിക അധ്വാനം മാത്രമല്ല ഒരാളിനെ ആരോഗ്യവാന്‍ ആക്കുന്നത്. ആഹാരം പോലെ ദിവസവും മനസ്സിന് കൊടുക്കേണ്ടത് സൗഹ്രദ അന്തരീഷമാണ്. വിഷണ്ണമായ മനസ്സ് രോഗതുരമാണ്. അത് മാറ്റിയെടുക്കുക എന്നതാണ് നല്ല മാനസിക ആരോഗ്യത്തിനു വേണ്ടത്.

 ഹൃദയ ഭാഷയില്‍ സംസാരിക്കാനും സൗഹൃദം കാത്തു സൂക്ഷിക്കാനുള്ള കഴിവും ഉള്ളവര്‍ പോലും വിഷാദ രോഗത്തിന്‍റെ പിടിയില്‍ അമരുന്നത് കാണുമ്പോള്‍ നമുക്ക് സഹതപിക്കാനേ കഴിയൂ.  സൗഹ്രദം കാത്തു സൂക്ഷിക്കുന്നത് പോലെ പ്രധാനമാണ് സ്വന്തം പ്രശ്നങ്ങള്‍ ഏറ്റവും അടുത്ത സുഹ്രത്തുമായി ചര്‍ച്ച ചെയ്യുക എന്നത്. മനസ്സിനെ നമ്മളില്‍ മാത്രം കെട്ടിയിടുക എന്നത് ജയിലില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരെ പോലെ ആണ്.മനസ്സിനെ സ്വതന്ത്രമായി വിടുക .അവിടെ ദുഖവും സന്തോഷവും എല്ലാം വന്നും പോയും ഇരിക്കും. ഇടുങ്ങിയ ചിന്തയില്‍ നിന്നും മനസ്സിനെ മോചിപ്പിക്കലാകട്ടെ നമ്മുടെ ലക്‌ഷ്യം.. ************ *********************************************** ************************