മലയാളിയുടെ കാല്‍പനിക ജനിതകത്തില്‍ ഇഴുകി ചേര്‍ന്ന രണ്ടു പദങ്ങള്‍ .തുമ്പയും ചിത്രശലഭവും .പുതിയ കാല ഘട്ടത്തില്‍ ആരുടെ മനസ്സിലാണ് ഇവയുടെ രൂപ ഭംഗി കടന്നു വരുന്നത്.ഒരു മുപ്പതുകാരന്റെ മനസ്സില്‍ മാത്രം തങ്ങി നില്‍ക്കുന്ന ഗൃഹാതുര ഓര്‍മ്മ .കാലം മാറുന്നു നാട് മാറുന്നു നാട്ടിലെ പച്ചപ്പും അകലുന്നു.ആര്‍ക്കും വേവലാതി ഇല്ല .നമ്മുടെ വേവലാതി ഷെയര്‍ മാര്‍ക്കറ്റിലെ ഉയര്‍ച്ച താഴ്ച മാത്രം.മലയാളിയുടെ തനിമ മാറുന്നു എന്ന് മാത്രം പറഞ്ഞ് അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല ഇതൊക്കെ.മനസ്സില്‍ തങ്ങുന്ന ചില ചിത്രങ്ങള്‍ അത് പ്രകൃതിയില്‍ നിന്നാകാം പാഠങ്ങളില്‍ നിന്നാവാം പക്ഷെ അനുഭവ ജ്ഞാനത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നമ്മെ പിന്തുടരും അതിനുള്ള അവസരം പുതിയ തലമുറയ്ക്ക് നഷ്ടപെടുന്നു എന്നതാണ് മലയാള തനിമയുടെ അസാന്നിധ്യം വ്യക്തമാക്കുന്നത്.വയലും വരമ്പും അറിയാത്ത മലയാളി തോടും കുളവും കാണാത്ത മലയാളി ഇങ്ങനെ മനസ്സ് ദരിദ്രമായി കൊണ്ടിരിക്കുന്ന ഒരു തലമുറയുടെ ഭാഗമായി നിന്ന് കൊണ്ട് ഞാന്‍ എന്റെ വേദനയുടെ ഉള്ളിറക്കുന്നു .
നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന നാട്ടു മാവില്‍ പടര്‍ന്നു കയറുന്ന ഇത്തിള്‍ കണ്ണികള്‍ , ഒരു കാലത്ത് മനുഷ്യനില്‍ മത്ത് പിടിപ്പിക്കുന്ന തേന്‍ തരുമായിരുന്നു. തേന്‍ നുകര്‍ന്ന് ഇത്തിളിനെ വെട്ടി കളയാനും ആരും മറന്നില്ല.കാരണം ഇത്തിള്‍ വിതയ്ക്കുന്ന രോഗം എന്തെന്ന് ബോധ്യം ഉണ്ടായിരുന്ന ഒരു ജനത നമുക്ക് ഉണ്ടായിരുന്നു.എന്നാല്‍ ഇന്ന് ഇത്തിള്‍കണ്ണി ആയാല്‍ പോലും അല്പം തേന്‍ നുകരാം അല്ലോ എന്നാണു എല്ലാവരുടെയും ചിന്ത.?കൗതുക ചിന്തയ്ക്ക് പോലും ചിരി പകര്‍ത്താന്‍ കഴിയാത്ത രോഗതുര ജനം.നമ്മള്‍ ആ നിരയിലെ അംഗങ്ങള്‍ .നമുക്ക് മുങ്ങാന്‍ ഇനി ജലാശയങ്ങള്‍ ഇല്ല വെറും ചെളി കുണ്ടുകള്‍ മാത്രം .അതിലും മാലിന്യത്തിന്റെ ചവറു കൂനയുടെ ആദിയ്ക്യം.നല്ല വായു പോലും ആഗ്രഹിക്കണ്ട .അതിനും വരാം റേഷന്‍ ചന്തകള്‍ .........
തുമ്പപ്പൂ ഒരു ഓണ കാല വിരുന്നാണ് .ചിത്ര ശലഭം നല്ല പ്രകൃതിയുടെ വിരുന്നാളിയും.ഇത് രണ്ടും നഷ്ടപ്പെട്ട നമ്മള്‍ നഷ്ടപ്പെടാന്‍ ഇരിക്കുന്ന മറ്റിനം കായ് കനികളുടെ വിവര പട്ടിക തയ്യാറാക്കാന്‍ സമയമായി .വേനല്‍ കാലം മഴയായി മഴക്കാലം വേനലായി .കുന്നുക്കള്‍ നിരപ്പാക്കി സൗധം പണിയുമ്പോള്‍ വയല്‍ നികത്തി വിമാന താവളങ്ങള്‍ പണിയുന്നു.നമുക്ക് നാട് വിടാന്‍ സമയമായെന്ന ഉള്‍വിളി.ഒരു ഉരുള്‍ പൊട്ടലില്‍ മാത്രം തീരാവുന്ന ഒരു പ്രദേശമായി മാത്രം നമുക്ക് നമ്മുടെ നാട് മാറ്റാന്‍ കഴിഞ്ഞെങ്കില്‍ മണലാരണ്യം വസന്ത ഭൂമിയാക്കാന്‍ പ്രയത്നിക്കുന്നതും നമ്മള്‍ തന്നെ എന്ന വിരോധാഭാസവും വിസ്മരിക്കാന്‍ വയ്യ ....?